Friday, January 17, 2025
HEALTHLATEST NEWS

രാജ്യത്ത് ആദ്യം; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്‍കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് വഴി മരുന്നുകൾ ക്രമീകരിക്കുകയും ചികിത്സയ്ക്കായി മറ്റ് സൗകര്യങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്രമീകരിക്കുകയും ചെയ്തു. 14 കുട്ടികൾക്ക് ഒരു കുപ്പിക്ക് 6 ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ നൽകി. 14 യൂണിറ്റ് മരുന്നുകളാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ 21 കുട്ടികൾക്ക് മരുന്ന് നൽകാനായിരുന്നു തീരുമാനം. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് മരുന്ന് നൽകിയിരുന്നു. കോഴിക്കോട്ടെ 12 കുട്ടികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് മരുന്ന് നൽകാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് കെയർ സെന്‍ററിൽ ഇന്നലെയും ഇന്നും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇന്ത്യയിൽ ആദ്യമായാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗത്തിനുള്ള മരുന്ന് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ തലത്തിൽ നൽകുന്നത്.

അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി.എ ആശുപത്രിയിൽ എസ്.ടി.എ. ക്ലിനിക്ക് തുടങ്ങി. അതിനുശേഷം വിലകൂടിയ മരുന്നുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.