Sunday, January 5, 2025
GULFLATEST NEWSSPORTS

ഫിഫ ലോകകപ്പ്: ആരാധകർക്ക് താമസിക്കാൻ ‘കാരവൻ വില്ലേജും’

ദോഹ: ഫിഫ ലോകകപ്പിന് എത്തുന്ന ആരാധകർക്ക് താമസിക്കാൻ ‘കാരവൻ വില്ലേജ്’. പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വൈവിധ്യമാർന്ന താമസസൗകര്യം ഒരുക്കാനാണ് പദ്ധതിയെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹൗസിങ് വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഒമർ അബ്ദുൽറഹ്‌മാൻ അൽ ജാബർ വ്യക്തമാക്കി.

റെസിഡൻഷ്യൽ സെന്‍ററുകൾ ഹോട്ടലുകളാക്കി മാറ്റുന്ന ജോലികളും അതിവേഗത്തിൽ നടക്കുകയാണ്. ഇവയെ 3 മുതൽ 5 വരെ സ്റ്റാർ വിഭാഗങ്ങളായി വിഭജിക്കും. അക്കോർ ഇന്‍റർനാഷണൽ ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രവർത്തനം. കാണികൾക്ക് കൂടുതൽ താമസസൗകര്യങ്ങൾ ഒരുക്കുന്ന പ്രക്രിയയിലാണ് സുപ്രീം കമ്മിറ്റി. ബർവ വില്ലേജ്, കപ്പൽ ഹോട്ടലുകൾ എന്നീ പദ്ധതികളിലായി 9,500 ലധികം കാണികൾക്ക് താമസിക്കാൻ കഴിയും.

ആദ്യ കപ്പൽ ഹോട്ടൽ നവംബർ 13ന് ഉദ്ഘാടനം ചെയ്യും. ആഡംബര കപ്പലിൽ ഫ്ലോട്ടിംഗ് ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുന്നതിന് നിലവിൽ വലിയ ഡിമാൻഡുണ്ട്. കാണികൾക്കുള്ള താമസ സൗകര്യങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ ഹയ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയാണ്. വരും ആഴ്ചകളിൽ കൂടുതൽ താമസസൗകര്യങ്ങൾ ലഭ്യമാകുമെന്നും എംഎസ്‌സിയുടെ പോയിസയും വേൾഡ് യൂറോപ്പയുമാണു ലോകകപ്പ് കാണികൾക്ക് താമസമൊരുക്കുന്ന ആഡംബര കപ്പലുകൾ എന്നും അൽ ജാബർ പറഞ്ഞു. ഇവ ദോഹയിലെ ഗ്രാൻഡ് ടെർമിനലിൽ സ്ഥിരമായി നങ്കൂരമിടും.