ഇന്ത്യയെ വിലക്കി ഫിഫ; രാജ്യാന്തര മത്സരം കളിക്കാനാകില്ല
സൂറിച്ച്: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ഫിഫ വെബ്സൈറ്റിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിലക്ക് നീക്കുന്നത് വരെ ഇന്ത്യയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാനാവില്ല. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാകും.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ഗവേണിംഗ് ബോഡിയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഫിഫ ഇടപെട്ടത്. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം അയയ്ക്കാൻ ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
ഫിഫയുടെ നയങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടർ–17 വനിതാ ലോകകപ്പ് വേദി ഇവിടെനിന്നു മാറ്റുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.