Friday, January 17, 2025
LATEST NEWSSPORTS

ഫിഫ വിലക്ക്; ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി ഗോകുലം കേരള വനിതാ ടീം

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഗോകുലം കേരള എഫ്സിയുടെ വനിതാ ടീം ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി. 23ന് ആരംഭിക്കുന്ന എഎഫ്സി കപ്പിൽ പങ്കെടുക്കാനാണ് ടീം ഉസ്ബെക്കിസ്ഥാനിലെത്തിയത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗോകുലം ടീം പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.

ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ വനിതാ കപ്പിന് ശ്രീ ഗോകുലം കേരള എഫ്.സിക്ക് യോഗ്യത ലഭിച്ചത് രാജ്യത്തെ ക്ലബ് ചാംപ്യന്മാർ എന്ന നിലയിലാണ്. ഉസ്ബെക്കിലെ ഖ്വാർഷിയിൽ 23ന് ആരംഭിക്കുന്ന മത്സരങ്ങൾക്കായി 16ന് പുലർച്ചെയാണ് ടീം കോഴിക്കോട് നിന്ന് പുറപ്പെട്ടത്. താഷ്കെന്‍റിലെത്തിയ ശേഷമാണ് ഫിഫയുടെ വിലക്കിനെക്കുറിച്ച് അറിഞ്ഞതെന്ന് ടീം പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നു കാണിച്ച് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ 16ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കത്തയച്ചിരുന്നു. 23ന് ഇറാനെതിരെയാണ് ആദ്യ മത്സരം. ഫിഫ നിരോധനത്തിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. അണ്ടർ 17 വനിതാ ലോകകപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. ഫിഫയുമായി രണ്ട് തവണ ചർച്ച നടത്തിയതായി കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.