Tuesday, December 17, 2024
HEALTHLATEST NEWS

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. അശ്വതി (15) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സിഐടിയു മരക്കടവമുക്ക് യൂണിയൻ പ്രസിഡന്റ് ഷാജി ദാസിന്റെയും അനിതയുടെയും മകളാണ്.

സ്ക്രബ് ടൈഫസ് ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രത്യേക സംഘത്തിന്, ഉടൻ സ്ഥലം സന്ദർശിക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജും ചെറുന്നിയൂർ പ്രദേശവും സന്ദർശിക്കും. ചെറിയന്നൂർ മെഡിക്കൽ ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തിപ്പെടുത്തും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പനിയെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണമെന്നും മന്ത്രി പറഞ്ഞു.