Tuesday, December 17, 2024
LATEST NEWSSPORTS

എഫ്സി ഗോവ ക്യാപ്റ്റൻ എഡു ബേഡിയ ക്ലബ്ബിൽ തുടരും

എഫ്സി ഗോവയുടെ ക്യാപ്റ്റനായ എഡു ബേഡിയ ക്ലബ്ബിൽ തുടരും. പുതിയ ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി എഡു ബേഡിയ എഫ് സി ഗോവയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിളും ബേഡിയ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു.

കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളാണ് ബേഡിയ ഐഎസ്എല്ലിൽ കളിച്ചത്. എന്നാൽ എഡു ബേഡിയയ്ക്ക് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമേ സംഭാവന ചെയ്യാൻ കഴിഞ്ഞുള്ളൂ. ഐഎസ്എല്ലിൽ ഇതുവരെ 87 മത്സരങ്ങൾ കളിച്ചിട്ടുള്ള ബേഡിയ 10 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഗോവയ്ക്കൊപ്പം സൂപ്പർ കപ്പ്, ഐഎസ്എൽ ഷീൽഡ് എന്നിവയും ബേഡിയ നേടിയിട്ടുണ്ട്.

മുൻ ബാഴ്സലോണ ബി താരമായ എഡ്വാർഡോ ബേഡിയ 2017ലാണ് എഫ് സി ഗോവയിൽ ചേർന്നത്. എഡു ബേഡിയ ബാഴ്സലോണ ബി മിഡ്ഫീൽഡിൽ 40 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബാഴ്സലോണ ബിക്ക് വേണ്ടി എഡു ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്. സ്പെയിൻ സ്വദേശിയാണ്.

ലാലിഗയിലും ലാലിഗ സെക്കൻഡ് ഡിവിഷനിലുമായി 150 ലധികം മത്സരങ്ങൾ 27 കാരനായ താരം കളിച്ചിട്ടുണ്ട്. ഹെർക്കുലീസ്, സരഗോസ എന്നിവർക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. അണ്ടർ 20, അണ്ടർ 21 ടീമുകൾക്കായുള്ള സ്പാനിഷ് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.