കർഷകക്ഷേമനിധി; 5000 രൂപ പെൻഷനടക്കം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: വകുപ്പുകളുടെ തർക്കക്കുരുക്കിൽ പെട്ട് കർഷകർക്ക് 5000 രൂപ പെന്ഷന് നൽകുക എന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെ രൂപീകരിച്ച കർഷകക്ഷേമനിധി ബോർഡ്. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി പെന്ഷന് തുകയെച്ചൊല്ലി ധന-കൃഷി വകുപ്പുകൾ തമ്മിലുള്ള ശീതയുദ്ധത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ആരുമായി ചർച്ച ചെയ്ത ശേഷമാണ് പരമാവധി പെന്ഷന് തുകയായ 5000 രൂപ നിശ്ചയിച്ചതെന്നാണ് ധനവകുപ്പിന്റെ ചോദ്യം. പദ്ധതിക്ക് അനുമതി തേടിയുള്ള ഫയൽ കഴിഞ്ഞ ഒന്പത് മാസമായി ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനങ്ങിയിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിലെ പ്രധാന ഇനമായിരുന്നു കർഷക ക്ഷേമനിധി ബോർഡ്. തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പാണ് സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. എന്നാൽ, ബോർഡിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. ഫയൽ മന്ത്രിസഭയുടെ മുമ്പാകെ വന്ന് ഉത്തരവിറക്കിയാൽ മാത്രമേ ബോർഡിന് പൂർണമായി പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.
കർഷകന് നൽകുന്ന 5,000 രൂപ പെൻഷൻ സർക്കാരിന് ബാധ്യതയാകുമോ എന്ന സംശയമാണ് ധനവകുപ്പ് ഉയർത്തിയത്. എന്നാൽ ഈ തുക തനതുവരുമാനത്തിൽനിന്നുതന്നെ കണ്ടെത്താമെന്നായിരുന്നു കൃഷി വകുപ്പിന്‍റെ മറുപടി. ഇതിനായി നിരവധി സ്രോതസ്സുകൾ കർഷക ക്ഷേമനിധി ബോർഡ് ആക്ടിൽ തന്നെ പരാമർശിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് വ്യക്തമാക്കിയിരുന്നു.