Friday, January 10, 2025
GULFLATEST NEWS

ഷെയ്ഖ് മുഹമ്മദുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി

അബുദാബി: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുതാത്പര്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നൽകി. യുഎഇ-ഇന്ത്യ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ–ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്റെ മൂന്നാം സമ്മേളനത്തിലും പങ്കെടുക്കാൻ യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെയ്ഖ് മുഹമ്മദിന് കത്ത് കൈമാറിയത്.

അൽ ഷാതി പാലസിൽ നടന്ന യോഗത്തിന്‍റെ തുടക്കത്തിൽ യു.എ.ഇക്കും അവിടുത്തെ പൗരൻമാർക്കും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും നേർന്നു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആശംസകൾ അറിയിച്ചു. യു.എ.ഇ പ്രസിഡന്‍റും ഇന്ത്യയ്ക്ക് ആശംസകൾ നേർന്നു. ഷെയ്ഖ് മുഹമ്മദും എസ് ജയശങ്കറും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്‍റെ വിവിധ വശങ്ങളും സമഗ്രമായ പങ്കാളിത്തവും ചർച്ച ചെയ്തു.

യു.എ.ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സി.ഇ.പി.എ)യും അവ മെച്ചപ്പെടുത്തുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹകരിക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദ്ദേശീയവുമായ പ്രശ്നങ്ങളും ചർച്ച ചെയ്തു.