Sunday, December 22, 2024
GULFLATEST NEWS

ചുരുങ്ങിയ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ ആവശ്യപ്പെട്ട് പ്രവാസികൾ

അബുദാബി: ഉയർന്ന വിമാന ടിക്കറ്റ് നിരക്കു കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്കായി നോർക്കയുടെയോ ലോക കേരള സഭയുടെയോ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

പ്രവാസികൾക്കായി പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞുവെന്ന് ലോക കേരള സഭയിൽ പ്രസംഗിച്ചവർ പ്രധാന യാത്രാ പ്രശ്നത്തോട് കണ്ണടയ്ക്കുകയാണ്. ചാർട്ടേഡ് വിമാനങ്ങൾ പറത്തി ചില സ്വകാര്യ കമ്പനികൾ ലാഭമുണ്ടാക്കുമ്പോൾ, നോർക്കയോ ലോക കേരള സഭയോ അംഗീകൃത സംഘടനകളുടെ സഹകരണത്തോടെ ഇത്തരമൊരു നീക്കം നടത്തിയാൽ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകും.

വേനൽ അവധിക്ക് സ്കൂൾ അടച്ചിട്ടും നാട്ടിലേക്ക് പോകാൻ കഴിയാത്ത കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന പല കുടുംബങ്ങളും മാനസിക സംഘർഷത്തിലാണ്. അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയാത്തതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്കും മാസങ്ങൾക്ക് മുമ്പ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.