ഒടുവിൽ അവർ രണ്ടായി: മവദ്ദക്കും റഹ്മക്കും ഇനി ‘വേറിട്ട’ ജീവിതം
ജിദ്ദ: ഒറ്റ ഉടലിൽ പിറന്ന മവദ്ദയും റഹ്മയും ഇനി വെവ്വേറെ ജീവിക്കും. റിയാദിൽ വ്യാഴാഴ്ച നടന്ന യമനി സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി.
റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന്‍റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ ആരംഭിച്ച ശസ്ത്രക്രിയ മണിക്കൂറുകളോളം നീണ്ടുനിന്നു. അനസ്തേഷ്യ, മറ്റ് ഒരുക്കങ്ങൾ, വേർപ്പെടുത്തൽ പ്രക്രിയ ആരംഭിക്കൽ, കരളിന്‍റെയും കുടലിന്‍റെയും വേർപെടുത്തൽ, അവയവങ്ങളുടെ പുനഃസ്ഥാപിക്കൽ, കവർ ചെയ്യൽ എന്നിങ്ങനെ 6 ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്.
ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേരാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത്. വയറും നെഞ്ചിൻ്റെ താഴ്ഭാഗവും കൂടിച്ചേർന്ന നിലയിലാണ് യമനി സയാമീസുകളായ മവദ്ദയും റഹ്മയും ജനിച്ചത്. ഒരു മാസം മുൻപ് സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് ഏദനിൽ നിന്ന് ഇവരെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്.