Thursday, January 9, 2025
LATEST NEWSSPORTS

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ​ഗോളടിമേളം;വലനിറച്ച് ലിവർപൂൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ​ഇന്ന് നടന്ന മത്സരങ്ങളിൽ അരങ്ങേറിയത് ​ഗോളടിമേളം. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ടീമുകൾ ജയിച്ച മത്സരങ്ങളിൽ നിന്ന് പിറന്നത് 22 ഗോളുകൾ.

ബേൺമൗത്തിനെതിരെ ലിവർപൂളാണ് ഏറ്റവും വലിയ വിജയം നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് വിജയിച്ചത്. റോബർട്ട് ഫിർമിന്യോ, ലൂയിസ് ഡയസ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. ട്രെന്‍റ് അലക്സാണ്ടർ അർനോൾഡ്, വിർജിൽ വാൻ ഡൈക്ക്, ഫാബിയോ കാർവാലോ, ഹാർവി എലിയറ്റ് എന്നിവരും ചെമ്പടയ്ക്കായി സ്കോർ ചെയ്തു. ബേൺമൗത്തിന്റെ ഒരു സെൽഫ് ഗോളും ലിവർപൂളിനെ തുണച്ചു.

ക്രിസ്റ്റൽ പാലസിനെ 2-4നാണ് സിറ്റി തോൽപ്പിച്ചത്. ആദ്യം സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നു. എർലിംഗ് ഹാലൻഡ് സിറ്റിക്കായി ഹാട്രിക്ക് നേടി. ബെർണാഡോ സിൽവയും ഒരു ഗോൾ നേടി.

സ്വന്തം തട്ടകത്തിൽ ലെസ്റ്റർ സിറ്റിയെയാണ് ചെൽസി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണിനെ തോൽപ്പിച്ചത്. ബ്രെന്‍റ്ഫോർഡും എവർട്ടണും തമ്മിലുള്ള മത്സരം ഇരുവരും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചപ്പോൾ ബ്രൈറ്റൺ എതിരില്ലാത്ത ഒരു ഗോളിന് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.