Sunday, December 22, 2024
LATEST NEWSSPORTS

ചരിത്രമെഴുതി ഇം​ഗ്ലണ്ട്; എഡ്ജ്ബാസ്റ്റൺ പരമ്പര സമനിലയിലാക്കി

എഡ്ജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ചരിത്രമെഴുതി. ഇന്ത്യ ഉയർത്തിയ 378 റൺസെന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നേടിയ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കുകയായിരുന്നു തുടക്കം മുതൽ ഇംഗ്ലണ്ട് ലക്ഷ്യമിട്ടിരുന്നത്. അലക്സ് ലീസും സാക്ക് ക്രോളിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ഇരുവരും, ഒല്ലി പോപ്പും തുടർച്ചയായ ഓവറുകളിൽ പുറത്തായതോടെ ഇംഗ്ലണ്ട് പതറി. ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലായി. അവിടെ നിന്നാണ് റൂട്ട് വേരൂന്നുകയും ബെയർസ്റ്റോ തകർക്കുകയും ചെയ്തത്.

173 പന്തിൽ 19 ഫോറും ഒരു സിക്സും സഹിതം 142 റൺസാണ് റൂട്ട് നേടിയത്. 145 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതം 114 റൺസ് ബെയർസ്റ്റോ നേടി. ഇരുവരും ചേർന്ന് പുറത്താകാതെ 269 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.