Sunday, March 16, 2025
LATEST NEWSSPORTS

പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം

കറാച്ചി: പാകിസ്ഥാൻ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഇംഗ്ലണ്ട് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 40 പന്തിൽ 53 റൺസെടുത്ത അലക്സ് ഹെയ്ൽസാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഹാരി ബ്രൂക്ക് 25 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു.

ഫിലിപ്പ് സാൾട്ടിന്‍റെ (10) ആദ്യ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ഡേവിഡ് മലാനും (15 പന്തിൽ 20) മടങ്ങി. ബെൻ ഡക്കറ്റിന് (21) അധികനേരം ക്രീസിൽ തുടരാനായില്ല. ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഹെയ്ൽസ് ബ്രൂക്കിനൊപ്പം ചേർന്നു. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. ഹെയ്ൽസ് മടങ്ങിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് വിജയത്തിനടുത്തെത്തിയിരുന്നു. മോയിൻ അലി 7 റൺസുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനുവേണ്ടി ഉസ്മാൻ ഖാദിർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.