ഉഡാൻ ജീവനക്കാരെ പിരിച്ചുവിട്ടു: ചെലവ് കുറക്കാൻ എന്ന് വിശദീകരണം
ബി2ബി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ ഉഡാൻ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ 200 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. പിരിച്ചുവിടൽ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എല്ലാ പ്രധാന സ്റ്റാർട്ടപ്പുകളും കഴിഞ്ഞ മാസങ്ങളിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. അൺഅക്കാദമി, സിറ്റി മാൾ, വേദാന്തു, കാർസ് 24 തുടങ്ങിയ കമ്പനികളെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി 4,000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു.
അൺഅക്കാദമി 1,000 ജീവനക്കാരെയും വേദാന്തു 624 ജീവനക്കാരെയും കാർസ് 24 കമ്പനി 600 പേരെയും പിരിച്ചുവിട്ടു. ഉഡാന്റെ എതിരാളികളായ ഇലാസ്റ്റിക്രോൺ, ഷോപ്കിരാന, 1കെ കിരാന എന്നിവയെല്ലാം നിക്ഷേപം ഉയർത്തുമ്പോഴാണ് ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉഡാൻ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്.