Friday, January 17, 2025
LATEST NEWSTECHNOLOGY

ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തം; കമ്പനികള്‍ക്ക്‌ കാരണം കാണിക്കൽ നോട്ടീസുമായി കേന്ദ്രം

ന്യൂഡൽഹി : ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന ആശങ്ക നിലനിൽക്കെ ഒല ഇലക്ട്രിക്, ഒഖിനാവ, പ്യുവര്‍ ഇവി എന്നിവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്രസർക്കാർ. പ്യുവർ ഇവി, ബൂം മോട്ടോഴ്സും നിർമ്മിച്ച ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഏപ്രിലിൽ തീപിടിച്ചതിനെത്തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി കഴിഞ്ഞ മാസം നോട്ടീസ് നൽകിയിരുന്നു. തീപിടുത്തമുണ്ടായ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററി സെല്ലുകളും രൂപകൽപ്പനയും തകർന്നതായി സർക്കാർ അന്വേഷണത്തിൽ കണ്ടെത്തി. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് നോട്ടീസുകൾക്ക് മറുപടി നൽകാൻ ജൂലൈ അവസാനം വരെ സമയം നൽകിയിട്ടുണ്ട്. കേടായ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നവർക്കെതിരെ എന്തുകൊണ്ട് ശിക്ഷാനടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യം ഉന്നയിച്ചാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ആവശ്യമെങ്കിൽ ഇവർക്കെതിരെ എന്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കും. സ്കൂട്ടറുകളിലെ തീപിടുത്തത്തിൽ ചില കേസുകളിൽ ജീവൻ നഷ്ടപ്പെട്ടതിന് എന്തുകൊണ്ട് ശിക്ഷിക്കപ്പെടരുതെന്ന് വിശദീകരിക്കാനാണ് കേന്ദ്രം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാൽ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയാത്ത ബാറ്ററികൾ തകരാറിലായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.