Tuesday, December 17, 2024
LATEST NEWS

ആംനസ്റ്റി ഇന്റർനാഷണലിന് 51 കോടി രൂപ പിഴ ചുമത്തി ഇഡി

ദില്ലി: ആംനസ്റ്റി ഇന്‍റർനാഷണലിനും ചെയർമാൻ അകാർ പട്ടേലിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിഴ ചുമത്തി. സംഘടനയ്ക്ക് 51 കോടി രൂപയും ചെയർമാന് 10 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) ലംഘിച്ചതിനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കും ഏജൻസി നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഇഡിയുടെ അതോറിറ്റി ശരിവച്ചിരുന്നു.

1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ആംനസ്റ്റി ഇന്ത്യ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനും (എഐഐപിഎൽ) സിഇഒ അകാർ പട്ടേലിനും നൽകിയ കാരണം കാണിക്കൽ നോട്ടീസ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ഓഫ് എൻഫോഴ്സ്മെന്‍റ് (ഇഡി) ശരിവച്ചു. കൂടാതെ, യഥാക്രമം 51.72 കോടി രൂപയും 10 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്,” ഇഡി വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഫെമയ്ക്ക് കീഴിലുള്ള കാരണം കാണിക്കൽ നോട്ടീസ് അടിസ്ഥാനപരമായി അന്വേഷണം പൂർത്തിയായതിന്‍റെ പ്രഖ്യാപനമായാണ് കാണുന്നത്. ആംനസ്റ്റി ഇന്‍റർനാഷണലിനും അകാർ പട്ടേലിനും ഹൈക്കോടതിയിൽ ഇഡിയുടെ തീർപ്പുകൽപ്പിക്കൽ അതോറിറ്റിയുടെ ഉത്തരവുകളെ ചോദ്യം ചെയ്യാം. സിബിഐ പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലറിന്‍റെ (എൽഒസി) അടിസ്ഥാനത്തിൽ യുഎസിലേക്ക് പ്രഭാഷണ പരമ്പര നടത്തുന്നതിൽ നിന്ന് പട്ടേലിനെ വിലക്കിയതിന് മാസങ്ങൾക്ക് ശേഷമാണ് ഇഡിയുടെ പുതിയ നീക്കം.