Tuesday, January 21, 2025
LATEST NEWS

സാമ്പത്തിക വളർച്ചാ നിരക്ക്; ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്

ബിജിങ്: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി സാമ്പത്തിക വളർച്ചാ നിരക്കിന്‍റെ കാര്യത്തിൽ ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്. പ്രസിഡന്‍റ് ഷി ജിൻപിംഗിന്‍റെ സിറോ കോവിഡ് നയവും പ്രോപ്പർട്ടി മേഖലയിലെ തിരിച്ചടികളുമാണ് ഈ പിന്തള്ളിന്റെ പ്രധാന കാരണങ്ങൾ.

ലോകബാങ്കിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം ചൈനയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 2.8 ശതമാനമാണ്. ഏപ്രിലിൽ ചൈന 4 മുതൽ 5 ശതമാനം വരെ വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ചൈന 8.1 ശതമാനം ജിഡിപി വളർച്ച കൈവരിച്ചിരുന്നു. ഇന്ത്യക്ക് പിന്നിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ് വ്യവസ്ഥയാണ് ചൈന.