Monday, November 18, 2024
GULFLATEST NEWS

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ; ആർടിഎ 8.5 കോടി ദിർഹം ലാഭിച്ചു

യു.എ.ഇ: പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഗതാഗതമെന്ന ആശയത്തിലൂന്നി പരിസ്ഥിതി സൗഹാർദ്ദ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയുളള പുതിയ പദ്ധതികള്‍ വഴി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ലാഭിച്ചത് 8.5 കോടി ദിർഹം. ആകെ 36 പദ്ധതികളാണ് നടപ്പാക്കിയത്. 6.8 കോടി കിലോവാട്ട് വൈദ്യുതി, 5.5 കോടി ഗാലൻ വെള്ളം, 2.1 കോടി ലിറ്റർ പെട്രോൾ , 18 ലക്ഷം ലിറ്റർ ഡീസൽ എന്നിവ ലാഭിച്ചു.

ഫലപ്രദമായ മാലിന്യസംസ്കരണ രീതികളിലൂടെ 450,000 ടൺ മാലിന്യനിക്ഷേപം ഒഴിവാക്കി. കാർബൺ ഡയോക്സൈഡ് ഏകദേശം 86 ടണ്ണിന് തുല്യമായ കുറവ് രേഖപ്പെടുത്തി. ആർ.ടി. എ യുടെ മൊത്തം ഊർജ്ജ ഉപഭോഗം 18 ശതമാനം കുറഞ്ഞു. ഇത് കാർബൺ ബഹിർഗമനത്തിൽ 13 ശതമാനം കുറവുണ്ടാക്കി. ഊർജ്ജച്ചെലവ് 10 ശതമാനം കുറച്ചിട്ടുണ്ട്. ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ മാത​ർ അ​ൽ​താ​യ​ർ പറഞ്ഞു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഊർജ്ജ ഉപഭോഗവും കുറഞ്ഞു. ദുബായ് ടാക്സി കോർപ്പറേഷന്‍റെ ഇലക്ട്രിക് ടാക്സികളും ഹൈബ്രിഡ് മോഡൽ ടാക്സികളും വർദ്ധിച്ചതും ഡീസൽ ഉപഭോഗം കുറഞ്ഞതും ഇതിന് സഹായകമായി. ബസുകളുടെ ഉപഭോഗത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ബസുകളിൽ പരിസ്ഥിതി സൗഹൃദ യൂറോ 6 എഞ്ചിനുകൾ ഘടിപ്പിച്ചിരുന്നു. മെട്രോ 2020 റൂട്ട് ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തിൽ 11 ശതമാനം വർദ്ധനവുണ്ടായി.