Saturday, December 21, 2024
LATEST NEWSPOSITIVE STORIES

മത്സരത്തിനിടെ വീണ കൂട്ടുകാരനെ പിടിച്ചെഴുന്നേല്‍പ്പിച്ചു; അഭിനവ് ഓടിക്കയറിയത് ഹൃദയങ്ങളിലേക്ക്

കൂരോപ്പട: തൻ്റെ പിന്നാലെ രണ്ടാമനായി ഓടിക്കൊണ്ടിരുന്ന കൂട്ടുകാരന്‍ കാല്‍തട്ടി വീണത് കണ്ട് മത്സരം മറന്ന് നന്മയിലേക്ക് ഓടികയറി നാലാം ക്ലാസുകാരൻ അഭിനവ്. അല്‍പ്പംകൂടി ഓടിയാല്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാമായിരുന്ന അഭിനവ് പക്ഷേ തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. അപ്പോഴേക്കും പിന്നിലുള്ളവര്‍ ഓടിക്കയറി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു.

കോത്തല എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ കായികദിനത്തില്‍ കുട്ടികളുടെ 200 മീറ്റര്‍ ഓട്ടമത്സരത്തിന് ഇടയിലാണ് സംഭവം.

കൂട്ടുകാരുടെ കൈയടികള്‍ക്കിടയിലൂടെ ഓടുമ്പോഴാണ് അഭിനവ് ടി.സുജിത്ത് കൂട്ടുകാരനായ കെ.ആര്‍.അഭിദേവിനു വേണ്ടി തോല്‍വിയേറ്റുവാങ്ങിയത്. മൽസരത്തിൽ തോറ്റെങ്കിലും തന്റെ പ്രവര്‍ത്തികൊണ്ട് ഓടിക്കയറിയത് കണ്ടുനിന്ന സഹപാഠികളുടെയും അധ്യാപകരുടെയും ഹൃദയത്തിലേക്ക്. കുരുന്ന് മനസ്സിന്റെ നന്മയെ പ്രോത്സാഹിപ്പിക്കുവാന്‍ സ്‌കൂളിലെ അധ്യാപകർ സ്‌കൂളിലെ ഉച്ചഭാഷിണിയിലൂടെ അഭിനവിന്റെ നന്മയെ അഭിനന്ദിച്ചു. അത് സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം നാട്ടിലും ഇപ്പോള്‍ ഹിറ്റാണ്.