Sunday, December 22, 2024
GULFLATEST NEWS

സാമ്പത്തിക സേവന മേഖലയിലെ വിദേശ നിക്ഷേപത്തിൽ ദുബായ് ഏറ്റവും മുന്നിൽ

ദുബായ്: സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ദുബായ് ലോകത്ത് മുന്നിലാണെന്ന് റിപ്പോർട്ട്. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരീസ് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. ദുബായ് ആൻഡ് ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (ഡിഐഎഫ്സി) ഇക്കാര്യത്തിൽ വലിയ നേട്ടമുണ്ടാക്കിയതായി ദുബായ് ഇൻവെസ്റ്റ്മെന്റ് ഡവലപ്മെന്റ് ഏജൻസിയും ധനകാര്യ വകുപ്പും പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ മുഴുവൻ നഗരങ്ങളെയും ഉൾപ്പെടുത്തിയുള്ള എഫ്ഡിഐ മാർക്കറ്റ് ഡേറ്റ പ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നിരുന്നാലും, സാമ്പത്തിക സേവന മേഖലയിൽ, കഴിഞ്ഞ വർഷത്തെ നേരിട്ടുള്ള വിദേശനിക്ഷേപ കണക്കുകളിൽ മാത്രം യുകെ ഒന്നാം സ്ഥാനത്തായിരുന്നു. അമേരിക്ക, സ്വിറ്റ്സർലൻഡ്, ഇന്ത്യ, സൈപ്രസ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. നേരിട്ടുള്ള മൂലധന നിക്ഷേപങ്ങളുടെ കാര്യത്തിലും യുകെയാണ് പട്ടികയിൽ ഒന്നാമത്.

2017 മുതൽ 2021 വരെയുള്ള കണക്കു പ്രകാരം സ്വതന്ത്രമേഖലയിൽ (ഫ്രീസോൺ) ഡിഐഎഫ്സിയാണ് സാമ്പത്തിക സേവനരംഗത്ത് ഏറ്റവുമധികം വിദേശനിക്ഷേപ പദ്ധതികൾ ആകർഷിച്ചത്. 58 പദ്ധതികളിലായി 2000 കോടിയിലധികം രൂപയാണ് നേടിയത്. 1432 പേർക്ക് തൊഴിൽ നൽകാനും ഇതിലൂടെ സാധിച്ചു. ഇതേ സമയം ദുബായിൽ ഇക്കാലയളവിൽ സാമ്പത്തിക സേവനമേഖലയിൽ 184 പദ്ധതികളിലൂടെ 11000 കോടിയിലധികം രൂപയുടെ നിക്ഷേപവും ഉണ്ടായി.