ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങി ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയായ ഐഡിയഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ കമ്പനി പ്രാരംഭ ഓഹരി വിൽപ്പന നടത്തിയേക്കും. ഇതിന് മുന്നോടിയായി, പ്രാഥമിക കരട് പ്രോസ്പെക്ടസ് ഡിസംബറിൽ സെബിക്ക് സമർപ്പിച്ചേക്കും.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഐഡിയഫോർജ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ ഏകദേശം 125 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 700 മില്യൺ ഡോളർ മൂല്യം കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഫ്ലോറന്‍റൈൻ ട്രീ ക്യാപിറ്റൽ പാർട്ണേഴ്സിന്‍റെ നേതൃത്വത്തിൽ 2022 ഏപ്രിലിലാണ് ഐഡിയഫോർജ് അവസാനമായി 20 ദശലക്ഷം ഡോളർ സമാഹരിച്ചത്. ട്രാക്സന്‍റെ കണക്കനുസരിച്ച് കമ്പനിയുടെ അവസാന മൂല്യം 122 ദശലക്ഷം ഡോളറാണ്.
സെബിയുടെ അനുമതി ലഭിച്ചാൽ 2023 ന്‍റെ ആദ്യ പാദത്തിൽ തന്നെ ഐപിഒ നടക്കും. 2007 ൽ അങ്കിത് മേത്ത, രാഹുൽ സിംഗ്, വിപുൽ ജോഷി, ആശിഷ് ഭട്ട് എന്നിവരാണ് ഐഡിയ ഫോർജ് സ്ഥാപിച്ചത്. ആളില്ലാ വിമാനങ്ങൾ നിർമ്മിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ ലൈസൻസാണ് കമ്പനിക്കുള്ളത്. ഡ്രോൺ കമ്പനികൾക്കായുള്ള കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 23 സ്റ്റാർട്ടപ്പുകളിൽ ഒന്നാണിത്.