ടി-20 ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി; അത്യപൂർവ്വ റെക്കോർഡുമായി കോണ്‍വാള്‍
ന്യൂയോര്‍ക്ക്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം റഹ്കിം കോണ്‍വാള്‍ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചു. ടി20യിൽ ഡബിൾ സെഞ്ചുറി നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. അമേരിക്കയിൽ നടന്ന അറ്റ്ലാന്റ ഓപ്പണ്‍ ടി20 ടൂർണമെന്റിലാണ് കോണ്‍വാള്‍ ഇരട്ട സെഞ്ചുറി നേടിയത്.
77 പന്തിൽ നിന്ന് 205 റൺസാണ് കോണ്‍വാള്‍ നേടിയത്. 22 സിക്സും 17 ഫോറും അദ്ദേഹം പറത്തി. 266.23 ആണ് സ്ട്രൈക്ക് റേറ്റ്. അറ്റ്ലാന്റ ഫയര്‍-സ്‌ക്വയര്‍ ഡ്രൈവ് മത്സരത്തിനിടെയാണ് ഈ അപൂർവ നിമിഷത്തിന് ലോകം സാക്ഷ്യം വഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അറ്റ്ലാന്റ ഫയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. പുറത്താകാതെ 205 റൺസ് നേടിയ കോൺവാൾ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്ക്വയർ ഡ്രൈവിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമാണ് നേടാനായത്. അറ്റ്ലാന്റ ഫയർ 172 റൺസിന് വിജയിച്ചു.