Friday, December 27, 2024
LATEST NEWSSPORTS

മരുന്നടിച്ച് മെഡൽ വേണ്ട; ഉത്തേജക മരുന്നു നിരോധന ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധന കർശനമാക്കാനും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് കൂടുതൽ നിയമ പരിരക്ഷ നൽകാനും ഉദ്ദേശിച്ചുള്ള ഉത്തേജക വിരുദ്ധ ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികാരം നൽകുന്നതോടെ കായിക താരങ്ങൾക്കിടയിലെ ഉത്തേജക ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ.കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ബിൽ അവതരിപ്പിച്ചത്.

നാഷണൽ ഡോപ്പിംഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ (എൻഡിടിഎൽ) പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ബിൽ അധികാരം നൽകുന്നു. നടപടികൾ പൂർത്തിയാകുന്നതോടെ ഉത്തേജക വിരുദ്ധ നിയമം നടപ്പാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും.

ദേശീയ ഉത്തേജക വിരുദ്ധ ബോർഡ് രൂപീകരിക്കാനും ബിൽ ശുപാർശ ചെയ്യുന്നു. താരങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിലും അതിന്‍റെ പരിശോധനയിലും നാഡയ്ക്ക് ബിൽ പൂർണ്ണ അധികാരം നൽകുന്നു. അത്ലറ്റുകളുടെ ആരോഗ്യ നില, മത്സരങ്ങളിലെ അവരുടെ പങ്കാളിത്തം, അവിടെ നടത്തുന്ന ടെസ്റ്റുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കാനും കഴിയും.