Thursday, December 19, 2024
LATEST NEWSPOSITIVE STORIES

കൈവിടില്ല ; സാൻഡിയെ ചേർത്ത് പിടിച്ച് ക്ലോ

കെന്റക്കി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. അമേരിക്കയിലെ കെന്‍റക്കിയിലും മഴ നാശം വിതച്ചു. അവിടെ നിന്നുള്ള ഒരു 17 വയസ്സുകാരിയുടെ വാർത്ത ഇപ്പോൾ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ മനസ്സിൽ നിറയുകയാണ്. 

ക്ലോ ആഡംസ് എന്ന പെൺകുട്ടി വെള്ളപ്പൊക്കത്താൽ ചുറ്റപ്പെട്ട കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അവൾ തന്റെ പ്രിയപ്പെട്ട വളർത്തുനായയേയും ചേർത്ത് പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച, ക്ലോ വൈറ്റ്സ്ബർഗ് നഗരത്തിലെ അവളുടെ വീട്ടിൽ ഉറങ്ങുകയായിരുന്നു. വെള്ളം ക്രമാതീതമായി ഉയരുന്നത് കണ്ടാണ് അവൾ ഉണർന്നത്. അങ്ങനെ 911-ൽ വിളിച്ചു. എന്നാൽ കോൾ പോയില്ല. താനും വളർത്തുനായ സാൻഡിയും എങ്ങനെയും അവിടെ നിന്ന് പുറത്തുകടക്കണമെന്ന് അവൾ തിരിച്ചറിഞ്ഞു. 

ചുറ്റും കാണാവുന്നത് വെള്ളം മാത്രമായിരുന്നു. തനിക്ക് ഒരു പാനിക് അറ്റാക്ക് വരുന്നത് പോലെയാണ് തോന്നിയതെന്ന് ക്ലോ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അപ്പോഴും, തന്‍റെ പ്രിയപ്പെട്ട സാൻഡിയെ ക്ലോ ചേർത്തു പിടിച്ചിരുന്നു. സാൻഡിയെ ഒരു കണ്ടെയിനറിലാക്കി അതുമായി നീന്തി, അടുത്തുള്ള ഒരു വീടിന്‍റെ മേൽക്കൂരയിലേക്ക് കയറി. അവിടെ പൂർണ്ണമായും മുങ്ങിപ്പോകാത്ത ഒരേയൊരു മേൽക്കൂരയായിരുന്നു അത്. ക്ലോ
സാൻഡിയേയും കൊണ്ട് അതിന്‍റെ മുകളിൽ ഇരുന്നു.

ഒന്നും രണ്ടും അല്ല അഞ്ച് മണിക്കൂറാണ് ക്ലോ തന്റെ നായയെ ചേർത്തുപിടിച്ച് അവിടെ ഇരുന്നത്. പിന്നീട് അവളുടെ കസിൻ കയാക്ക് ഉപയോഗിച്ച് അവരെ രക്ഷപെടുത്തുകയായിരുന്നു. മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെ അനേകം ഉദാഹരണങ്ങൾ നമുക്കറിയാം. ക്ലോയും സാൻഡിയും ഇനി അത്തരമൊരു ഉദാഹരണമായി നമ്മുടെ മനസ്സിലുണ്ടാവും.