ഭിന്നശേഷിക്കാരനെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു; ആരോഗ്യ മന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരനായ 60 കാരനെ ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. മന്ത്രി പരാതിക്കാരനെ വിളിച്ച് കാര്യം തിരക്കി. ഭിന്നശേഷിക്കാരന്റെ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. എട്ട് വർഷം മുമ്പ് വീണതിനെ തുടർന്ന് വീൽചെയറിൽ ആയതാണ് രോഗി. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഒരു സീനിയർ ഡോക്ടറെ കാണാൻ പോയതായിരുന്നു അദ്ദേഹം. എന്നാല്‍ വീല്‍ച്ചെയറിലുള്ള രോഗിയെ പരിശോധനാ മുറിയില്‍ കയറ്റാനോ, രോഗിയുടെ അടുത്ത് പോയി പരിശോധിക്കാനോ ഡോക്ടര്‍ തയ്യാറായില്ല. ഭിന്നശേഷിക്കാരനായ രോഗിക്കും ഭാര്യയ്ക്കും ഇത് വളരെ വേദനാജനകമായെന്ന് പരാതിപ്പെട്ടു.