Tuesday, December 17, 2024
LATEST NEWSTECHNOLOGY

നിങ്ങളുടെ പേര് എഴുതിയ ഫോൺ വേണോ? പുതിയ ഫീച്ചറുമായി അഗ്നി 5ജി ഫോണുകൾ

പുതിയ സൗകര്യവുമായി ലാവയുടെ അഗ്നി 5ജി ഫോണുകൾ. ഈ ഫോണുകളിൽ നിങ്ങളുടെ പേര് ആലേഖനം ചെയ്ത് ലഭിക്കും എന്നതാണ് പ്രത്യേകത. മൈ അഗ്നി എന്നാണ് ഫോണുകൾക്ക് പേര് നല്കിയിരിക്കുന്നത്. നിങ്ങളുടെ പേരോ, നിങ്ങളുടെ പെറ്റിന്റെയോ പ്രിയപ്പെട്ടവരുടെയോ പേരോ തുടങ്ങി എന്ത് വേണമെങ്കിലും ഫോണിന്റെ ബാക്ക് കവറിൽ ആലേഖനം ചെയ്യാൻ കഴിയും. ഈ ഫോണുകൾ ഇന്ന് മുതൽ ലഭ്യമാകും.

ഇതാദ്യമായല്ല സ്വന്തം പേരുകളും മറ്റും എഴുതാൻ കഴിയുന്ന ഫോണുകൾ അവതരിപ്പിക്കുന്നത്. മുമ്പ് ആപ്പിളും സമാനമായ ഗാഡ്ജറ്റുകളുമായി രംഗത്തെത്തിയിരുന്നു. ലാവയുടെ വെബ്സൈറ്റിൽ നിന്ന് ഫോണുകൾ നേരിട്ട് വാങ്ങിയാൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. മറ്റ് വെബ്സൈറ്റുകളിൽ നിന്നോ കടകളിൽ നിന്നോ ഫോൺ വാങ്ങിയാൽ ഈ സൗകര്യം ലഭിക്കില്ലെന്നും ലാവ അറിയിച്ചിട്ടുണ്ട്.

ലാവ അഗ്നി 5ജി ഫോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം

കഴിഞ്ഞ വർഷം നവംബറിലാണ് ലാവ അഗ്നി 5ജി ഫോണുകൾ ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. ലാവ അഗ്നി 5ജി ഫോണുകളായിരുന്നു ലാവയുടെ ആദ്യ 5ജി ഫോൺ. 19,999 രൂപയ്ക്കാണ് ഫോൺ പുറത്തിറക്കിയത്. എന്നിരുന്നാലും, ലോഞ്ച് സമയത്ത് ഫോൺ 17,999 രൂപയ്ക്ക് ലഭ്യമായിരുന്നു. 19,999 രൂപയാണ് ഫോണിന്‍റെ ഇപ്പോഴത്തെ വില. മികച്ച ഫീച്ചറുകളുമായാണ് ഫോൺ എത്തുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി എത്തിയതാണ് ഫോണിന്‍റെ പ്രധാന ആകർഷണം. 90Hz റിഫ്രഷ് റേറ്റോട് കൂടിയ 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.