അമിത വണ്ണത്തിനുള്ള ചികിത്സയ്ക്ക് ഉമിനീരില്‍ നിന്നുള്ള ഡിഎന്‍എ പരിശോധന സഹായകമായേക്കും
അമിതവണ്ണത്തിനുള്ള കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താൻ ഉമിനീരിൽ നിന്നുള്ള ഡിഎൻഎ സാമ്പിളുകളുടെ പരിശോധന സഹായകമായേക്കും. നിരവധി ഭക്ഷണക്രമങ്ങൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആഗ്രഹിച്ച ഫലം ലഭിക്കാത്തവർക്ക് ഉമിനീരിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് അമിതവണ്ണത്തിനുള്ള കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താൻ ഡിഎൻഎ പ്രൊഫൈൽ തയ്യാറാക്കാൻ സാധിക്കും. ഇന്ത്യയിൽ വിജയകരമായി പരീക്ഷിക്കപ്പെടുന്ന ഈ പരീക്ഷണം അമിതവണ്ണത്തിന്‍റെ ചികിത്സയ്ക്ക് ധാരാളം സാധ്യതകൾ തുറക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
നിങ്ങളുടെ സുഹൃത്തിന്‍റെ അതേ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങളുടെയും നിങ്ങളുടെ സുഹൃത്തിന്‍റെയും ശരീരഘടനയും ഭാരവും ഒരുപോലെയല്ലാത്തതിന് നിരവധി ജനിതക കാരണങ്ങളുണ്ടെന്ന് ജീൻസ്റ്റ്യൂം സിഇഒ നീരജ് ഗുപ്ത പറയുന്നു. ശരീരം ആഗിരണം ചെയ്യുന്ന വിറ്റാമിനുകളുടെ അളവ്, ശരീരഭാരം കുറയ്ക്കുന്ന പാറ്റേണുകൾ, നിക്കോട്ടിൻ ആശ്രിതത്വം എന്നിവ മനസ്സിലാക്കാൻ ഉമിനീരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ കഴിയുമെന്ന് ആരോഗ്യ മേഖല പ്രതീക്ഷിക്കുന്നു.
ജീൻ എൻജിനീയറിംഗ് ഉൾപ്പെടെയുള്ള മേഖലകൾ ഇന്ത്യയിൽ വളർച്ചയുടെ ഘട്ടത്തിലാണ്. ഉമിനീർ ഉപയോഗിച്ചുള്ള ഡിഎൻഎ ടെസ്റ്റ് ജീവിതത്തില്‍ ഒരു തവണ മാത്രം ചെയ്താല്‍ മതിയാകുമെന്ന് എസ്ആര്‍എല്‍ ഡയഗനോസ്റ്റിക്‌സ് മേധാവി ആനന്ദ് കെ പറയുന്നു. 5000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ടെസ്റ്റിന് ഇന്ത്യയില്‍ വിലയായി ഈടാക്കാനാണ് ആലോചനകള്‍ നടക്കുന്നത്.