Saturday, December 21, 2024
LATEST NEWSSPORTS

താരങ്ങൾക്ക് ലഭിക്കുന്ന പരിശീലനത്തിലും തയ്യാറെടുപ്പിലും അതൃപ്തി; തുറന്നടിച്ച് ബ​ഗാൻ പരിശീലകൻ

ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പരിശീലനത്തിലും തയ്യാറെടുപ്പുകളിലും അതൃപ്തി അറിയിച്ച് എടികെ മോഹൻ ബഗാൻ പരിശീലകൻ ജുവാൻ ഫെറാൻഡോ. ഫെറാൻഡോയുടെ അഭിപ്രായത്തിൽ, യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ കളിക്കാർക്ക് ഫുട്ബോളിനായി വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ.

“ഇന്ത്യയിലെ പ്രധാന പ്രശ്നം കളിക്കാർക്ക് ഊർജം നഷ്ടമാകുന്നത് പ്രധാനമായും മറ്റ് കാര്യങ്ങളിലാണെന്നതാണ്. കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് കളിക്കാർ ആലോചിക്കേണ്ടതില്ല. ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രീമിയർ ലീ​ഗിലേയും സ്പാനിഷ് ലീ​ഗിലേയുമൊക്കെ മികച്ച കളിക്കാർ ദിവസം ആറും ഏഴും മണിക്കൂർ വരെയാണ് പരിശീലനത്തിനായി ചിലവിടുന്നത്. ഇവിടെയാകട്ടെ പരമാവധി രണ്ട് മണിക്കൂറും”, ഫെറാൻഡോ പറഞ്ഞു.

“ഈ ശൈലി ഇനിയും തുടരാനാകില്ല, ഈ മനോഭാവം മാറ്റി കഠിനാധ്വാനം ചെയ്യാൻ തയ്യാറായാലെ ഇന്ത്യൻ ഫുട്ബോളിന് പുരോ​ഗതിയുണ്ടാകു. അക്കാദമികളുടെ കാര്യത്തിലും യുവതാരങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തുകയും വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.