ഡിജിറ്റല്‍ പേമെന്റ് സൗകര്യം; സൗത്ത് ഇന്ത്യന്‍ ബാങ്ക് വനം വകുപ്പുമായി ധാരണയില്‍
കൊച്ചി: കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വനശ്രീ ഷോപ്പുകൾ, മൊബൈൽ വനശ്രീ യൂണിറ്റുകൾ, ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ ശേഖരണം സുഗമമാക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് സൗത്ത് ഇന്ത്യൻ ബാങ്കുമായി കരാറിൽ ഏർപ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ വനം വകുപ്പിന് കീഴിലുള്ള 124 ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഡിജിറ്റൽ കളക്ഷൻ സൗകര്യം ലഭ്യമാകും. പിഒഎസ് മെഷീനുകൾ ഇവിടെ സ്ഥാപിക്കും. വനം വകുപ്പിന്‍റെ 36 വ്യത്യസ്ത ഏജൻസികൾക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ബാങ്ക് പിഒഎസ് മെഷീനുകൾ ലഭ്യമാക്കും.
“ബാങ്ക് സജ്ജമാക്കുന്ന ഈ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം വനം വകുപ്പിന്‍റെ ഔട്ട്ലെറ്റുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കും. ഇതിന് പുറമെ, കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ബാങ്ക് വനം വകുപ്പുമായി ചർച്ച നടത്തി വരികയാണ്,” സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ റീട്ടെയിൽ ബാങ്കിംഗ് വിഭാഗം കൺട്രി ഹെഡ് സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.
വനോത്പന്നങ്ങൾ വിപണനം ചെയ്യുക, പ്രദേശത്ത് പ്രവർത്തിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനം വകുപ്പ് വനശ്രീ ഷോപ്പുകളും വനശ്രീ യൂണിറ്റുകളും സ്ഥാപിച്ചത്.