Saturday, December 21, 2024
HEALTHLATEST NEWS

ഡെങ്കിപ്പനി പടരുന്നു; കൊതുകുജന്യരോഗം നിയന്ത്രിക്കാൻ 9 ജില്ലകളിൽ ആളില്ല

ആലപ്പുഴ: ഡെങ്കിപ്പനി പടരുമ്പോഴും കൊതുക് പരത്തുന്ന രോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഓഫീസർ തസ്തികയിൽ ഒൻപത് ജില്ലകളിലും ആരുമില്ല. ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ ഡിസ്ട്രിക്ട് വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർമാരില്ല.

കൊതുക് സാന്ദ്രതാ പഠനം നിർത്തിവെച്ചതോടെ ഡെങ്കിപ്പനി പലയിടത്തും പടർന്നുപിടിച്ചിട്ടുണ്ട്. ഡിവിബിഡിസി ഓരോ പ്രദേശത്തെയും കൊതുകുകളുടെ സാന്ദ്രതയെക്കുറിച്ച് പഠിച്ച് ആരോഗ്യ പ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യണം. ഇത് വിലയിരുത്തിയ ശേഷം പ്രതിരോധ നടപടി സ്വീകരിക്കും. എന്നാൽ, ഉദ്യോഗസ്ഥരില്ലാത്തതിനാൽ ചെറുത്തുനിൽപ്പ് പരാജയപ്പെട്ടു. അസിസ്റ്റന്‍റ് എന്‍റമോളജിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളിൽ നിന്ന് സ്ഥാനക്കയറ്റം നൽകി നിയമനം നടത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, അസിസ്റ്റന്‍റ് എന്‍റമോളജിസ്റ്റുകളുടെ സീനിയോറിറ്റിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് നടപടി നിർത്തിവച്ചത്.

ഈ വർഷം ഇതുവരെ 2954 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 20 പേർ മരിച്ചു. 30 മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന് സംശയിക്കുന്നു.