Sunday, January 12, 2025
HEALTHLATEST NEWS

ഗര്‍ഭച്ഛിദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ സ്ത്രീസൗഹൃദവും വിവേചനരഹിതവുമാവണമെന്ന് ആവശ്യം

ബാലുശ്ശേരി (കോഴിക്കോട്): സംസ്ഥാനത്ത് ഗർഭച്ഛിദ്രം സംബന്ധിച്ച് കൂടുതൽ സ്ത്രീസൗഹൃദപരവും വിവേചനരഹിതവുമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യം. അവിവാഹിതയാണെന്ന കാരണത്താൽ 20-24 ആഴ്ചകളിൽ ഗർഭച്ഛിദ്രം നിഷേധിക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വനിതാ ശിശുക്ഷേമ, ആരോഗ്യ വകുപ്പുകൾ ഇടപെടണം എന്നാണ് ആവശ്യം.

നിലവിൽ സ്വകാര്യതയും അന്തസ്സും സൂക്ഷിച്ചുകൊണ്ടുള്ള ഗര്‍ഭച്ഛിദ്രം വിവാഹിതകള്‍ക്കുപോലും എളുപ്പമല്ല. ഗര്‍ഭമലസിപ്പിക്കാമെന്ന നിയമപിന്തുണയുള്ളപ്പോഴും ഭര്‍ത്താവോ ഉത്തരവാദപ്പെട്ട പുരുഷന്മാരോ സമ്മതപത്രം നല്‍കിയാല്‍ മാത്രമാണ് ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാവുന്നുള്ളൂ. നിയമപരമായി സ്ത്രീയുടെ മാത്രം സമ്മതം ആവശ്യമുള്ളിടത്താണ് ഈ നിര്‍ബന്ധബുദ്ധി.

ഭര്‍ത്താവില്ലാതെ ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രികള്‍ കയറിയിറങ്ങിയ വിവാഹിതയായ യുവതിക്ക് ഒടുവില്‍ വനിതാകമ്മിഷനെ സമീപിക്കേണ്ടിവന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണാനായിരുന്നു കമ്മീഷൻ നൽകിയ നിര്‍ദേശം. അവിടുത്തെ സാഹചര്യം അറിയാവുന്നതിനാല്‍ ഒടുവില്‍ അവര്‍ അബോര്‍ഷന്‍കിറ്റിനെ ആശ്രയിക്കുകയായിരുന്നു.