Saturday, January 18, 2025
LATEST NEWSTECHNOLOGY

ദാനുരി ലൂണാര്‍ ഓര്‍ബിറ്റര്‍; സുപ്രധാന നീക്കത്തിനൊരുങ്ങി ദൗത്യ സംഘം

സിയോള്‍: ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യമായ ദാനുരി സുപ്രധാന സഞ്ചാരപഥ മാറ്റത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ മാസമാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ കൊറിയ പാത്ത് ഫൈൻഡർ ലൂണാർ ഓർബിറ്റർ വിക്ഷേപിച്ചത്. ഓർബിറ്റർ ഇപ്പോൾ ചന്ദ്രനിലേക്കുള്ള സഞ്ചാരപാതയിലാണ്.

ബാലിസ്റ്റിക് ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറിയിൽ ആണ് ഓർബിറ്റർ സഞ്ചരിക്കുന്നത്. ഈ വിധത്തിൽ, ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്ന പേടകം സൂര്യന്‍റെ ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് സൂര്യന്‍റെ ഗുരുത്വാകർഷണ ബലം പ്രയോജനപ്പെടുത്തി തിരികെ ഇറങ്ങുകയും ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുകയും ചെയ്യും. നേരിട്ട് ചന്ദ്രനിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ ദൂരം ഈ രീതിയിൽ സഞ്ചരിക്കേണ്ടിവരും. എന്നാൽ, ഈ രീതി നല്ല രീതിയിൽ ഇന്ധനം ലാഭിക്കാൻ സഹായിക്കും. ദാനുരി ഓർബിറ്റർ ഡിസംബറോടെ ചന്ദ്രനിലെത്തും.

ഭൂമിയില്‍നിന്ന് സൂര്യനെ ലക്ഷ്യമാക്കി കുതിക്കുന്ന ഓര്‍ബിറ്ററിനെ തിരിച്ച് ചന്ദ്രനിലേക്ക് തിരിച്ചുവിടുന്ന സുപ്രധാന പ്രക്രിയയാണിത്. 48 മണിക്കൂറിന് ശേഷം ഇത് വിജയകരമായോ എന്നറിയാന്‍ സാധിക്കുമെന്ന് ദാനുരി ദൗത്യ മേധാവി ചോ യങ് ഹോ പറഞ്ഞു.