‘കോവിഡ് അവസാനിച്ചിട്ടില്ല; ശൈത്യകാലത്ത് മരണനിരക്ക് വർദ്ധിച്ചേക്കാം’
ജനീവ: ലോകത്തിലെ പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം കോവിഡ് നിരക്ക് വീണ്ടും ഉയരുകയാണ്. ചിലയിടങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഒമിക്രോണിന്‍റെ വകഭേദങ്ങൾ വ്യാപനത്തിന് ആക്കം കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തണുത്ത കാലാവസ്ഥ അടുക്കുന്നതിനനുസരിച്ച് കോവിഡ് മൂലമുള്ള ആശുപത്രിവാസവും മരണങ്ങളും വർദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി.
വരും മാസങ്ങളിൽ തണുത്ത കാലാവസ്ഥ വർദ്ധിക്കുന്നതിനനുസരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും മരണനിരക്കും വർദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രേഷ്യസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രതിവാര കേസുകളുടെ എണ്ണത്തിൽ ഒൻപത് ശതമാനം കുറവുണ്ടായി. ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിൽ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഇത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മരണനിരക്കും 15 ശതമാനം കുറഞ്ഞു.
എന്നിരുന്നാലും, ഒമിക്രോണിന്‍റെ നിലവിലുള്ള വകഭേദങ്ങൾ മുമ്പ് നിലവിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്ന് അദ്ദേഹം പറയുന്നു. തണുത്ത കാലാവസ്ഥയുടെ വരവോടെ, കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.