Thursday, January 23, 2025
HEALTHLATEST NEWS

‘കോവിഡ് രൂക്ഷമാകുന്നത് പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും’

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും പടരുകയാണ്. കനത്ത മഴയ്ക്കൊപ്പം പടരുന്ന വൈറൽ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഒപ്പമാണ് കൊവിഡ് കേസുകളുടെ വർദ്ധനവ്. ഇത് ഒരു സാധാരണ പനിയാണെന്ന് കരുതി പരിശോധന നടത്താതിരിക്കുന്നത് രോഗനിർണയം വൈകിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും വേണമെന്നും കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് നിരന്തരം യോഗങ്ങൾ നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആയിരത്തിലധികം കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകൾ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ നേരിയ തോതിൽ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികളിലും ഐ.സി.യുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 സജീവ കേസുകളിൽ 1,285 പേർ ആശുപത്രികളിലും 239 പേർ ഐസിയുവിലും 42 പേർ വെന്റിലേറ്ററിലുമാണ് ചികിത്സയിൽ കഴിയുന്നത്. പ്രായമായവർ, അനുബന്ധ രോഗമുള്ളവർ, വാക്സിനേഷൻ എടുക്കാത്തവർ എന്നിവരിലാണ് രോഗം കൂടുതലായും രൂക്ഷമാകുന്നത്. അതിനാൽ അവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.