കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊവിഡ്
മുംബൈ : കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സംഘത്തിൽ കോവിഡ് 19. ബിസിസിഐ യോഗത്തിന് ശേഷം ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ആർക്കാണ് കൊവിഡ് പോസിറ്റീവ് ആയതെന്ന് വ്യക്തമല്ല. ഗെയിംസിൽ മെഡൽ പ്രതീക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്.
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന രണ്ട് കളിക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. സ്പ്രിന്റർ എസ് ധനലക്ഷ്മി, ട്രിപ്പിൾ ജമ്പർ ഐശ്വര്യ ബാബു എന്നിവരുടെ രക്തത്തിൽ നിരോധിത ഉത്തേജക മരുന്ന് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗെയിംസിൽ നിന്ന് വിലക്കിയിരുന്നു. ഗെയിംസ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.
24 കാരിയായ ധനലക്ഷ്മിയുടെ രക്തത്തിലാണ് നിരോധിത സ്റ്റിറോയിഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബാനി നന്ദ എന്നിവർക്കൊപ്പം 4×100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലും അവർ മത്സരിക്കേണ്ടതായിരുന്നു. അത്ലറ്റിക്സ് ഇന്‍റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ പരീക്ഷണം നടത്തിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് ഐശ്വര്യയുടെ പരീക്ഷണം നടത്തിയത്. ട്രിപ്പിൾ ജംപിലും ലോംഗ് ജമ്പിലും ഐശ്വര്യ മത്സരിക്കേണ്ടതായിരുന്നു.