Sunday, December 22, 2024
LATEST NEWS

വിവോയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോടതി അനുമതി

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച വിവോയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. 950 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാൻ വിവോയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചതിനെതിരെ വിവോ ഇന്ത്യ വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിവോയുടെ അക്കൗണ്ടിൽ 250 കോടി രൂപ ഉള്ളിടത്തോളം കാലം ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ കഴിയുമെന്നും കോടതി വ്യക്തമാക്കി. കേസ് ജൂലൈ 28ന് കൂടുതൽ വാദം കേൾക്കും. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 5ന് വിവോ ഷോറൂമുകളിലും അനുബന്ധ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 2017 നും 2021 നും ഇടയിൽ വിവോ 62,476 കോടി രൂപ ഇന്ത്യയിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ ചൈനയിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.