അമേരിക്കയേയും കീഴടക്കിയ ‘ചാട്ട്’ പെരുമ
സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതും സ്ട്രീറ്റ് ഫുഡ് ഉണ്ടാക്കുന്നത് കാണുന്നതും അലങ്കരിക്കുന്നത് കാണുന്നതും കടക്കാരുടെ തിരക്ക് സമയത്തെ ചടുലമായ ചലനങ്ങളും താളവും കാണുന്നതും തന്നെ പലര്‍ക്കും സംതൃപ്തി നൽകും. പണ്ട് തട്ടുദോശയേയും ഓംലൈറ്റിനേയും മാത്രം സ്ട്രീറ്റ് ഫുഡെന്ന് വിളിച്ച മലയാളികൾ പലരും വളരെ വേഗത്തില്‍ പാനിപൂരിയുടേയും സമോസ ചാട്ടിന്റേയുമെല്ലാം ആരാധകരായി. ഒന്ന് രുചി നോക്കിയാൽ തന്നെ കീഴ്‌പ്പെടുത്തിക്കളയുന്ന ചാട്ട് മസാല ഉള്‍പ്പെടെ സ്ട്രീറ്റ് വിഭവങ്ങൾക്ക് അങ്ങ് അമേരിക്കയിലും വലിയ പിടിയാണ്. ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കുന്ന ചായ് പാനി എന്ന റെസ്റ്റോറന്റിനെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ഹോട്ടലായി തെരഞ്ഞെടുത്തിരിക്കുകയാണ് അമേരിക്ക. കൊവിഡ് വ്യാപനം മൂലം രണ്ട് വര്‍ഷമായി മുടങ്ങിയ അവാര്‍ഡ് വീണ്ടും നല്‍കാന്‍ ആരംഭിച്ചപ്പോഴാണ് ചായ് പാനി മികച്ച റെസ്‌റ്റോറന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നോര്‍ത്ത് കരോളിനയിലാണ് ഹോട്ടലുള്ളത്. 75 ശതമാനത്തിലധികം ഇന്ത്യന്‍ ജീവനക്കാരുള്ള നേറ്റീവ് അമേരിക്കന്‍ ഹോട്ടലായ ഒവാമ്‌നിയും മികച്ച റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള രുചികളാണ് പരിഗണനയിലുണ്ടായിരുന്നത്. വിവിധ രുചികളുടെ വൈവിധ്യങ്ങള്‍ തങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.