Saturday, December 21, 2024
LATEST NEWSPOSITIVE STORIES

കണ്ടക്ടർ രേവതി ഇന്ന് ബസ് ഓണർ!ജോലി ചെയ്തിരുന്ന ബസ് വാങ്ങിയത് സുഹൃത്തുക്കൾക്കൊപ്പം

കൊച്ചി: ‘ആണുങ്ങൾ ചെയ്യുന്ന കണ്ടക്ടർ ജോലിയല്ലാതെ മറ്റേതെങ്കിലും ജോലിക്ക് പൊയ്ക്കൂടേ കൊച്ചേ’ എന്ന് ചോദിച്ചവർക്കെല്ലാമുളള രേവതിയുടെ മറുപടി ആ ജോലി ചെയ്ത് രേവതി വാങ്ങിയ ബസാണ്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ പി.കെ.രേവതി ഇന്ന് മൂന്ന് വർഷം കണ്ടക്ടറായി ജോലി ചെയ്ത ബസിന്‍റെ മുതലാളിയാണ്. ഏലൂർ-കൊച്ചുകടവന്ത്ര റൂട്ടിൽ ഓടുന്ന ബസ് ഏലൂർ സ്വദേശികളായ സെബിൻ സാറ്റു, കെ.ആർ.രാജേഷ് എന്നിവർക്കൊപ്പമാണ് രേവതി കഴിഞ്ഞ മാസം വാങ്ങിയത്. മകനെപ്പോലെ കൊണ്ടുനടക്കുന്ന ബസിന് ‘എന്‍റെ മകൻ’ എന്നാണ് പേരിട്ടത്. മൂവരും തന്നെയാണ് ബസിലെ ജീവനക്കാരും. രാജേഷ് ആണ് ഡ്രൈവർ. സെബിനും രേവതിയും കണ്ടക്ടർമാരും.

പണ്ടേ ബസുകളിലും വാഹനങ്ങളിലും പ്രത്യേക താൽപര്യമുണ്ടായിരുന്ന രേവതിക്ക് ഡ്രൈവറാകാനായിരുന്നു ആഗ്രഹം. എന്നാൽ സാഹചര്യങ്ങൾ അനുവദിക്കാതെ വന്നപ്പോൾ രേവതി കണ്ടക്ടറെങ്കിലും ആകാൻ ശ്രമിച്ചു. അങ്ങനെ കോട്ടയം-ഇലഞ്ഞി റൂട്ടിലോടുന്ന ബസിൽ കണ്ടക്ടറുടെ സഹായിയായി ജോലി ചെയ്യാൻ തുടങ്ങി. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം വസ്ത്രക്കടയിൽ സെയിൽസ് ഗേളായാണ് രേവതി കൊച്ചിയിലെത്തിയത്. അപ്പോഴും കണ്ടക്ടർ ജോലിയോടുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നതിനാൽ 2013ൽ കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കി.

കൊച്ചിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ബസ് ജീവനക്കാരായ രാജേഷിനെയും സെബിനെയും പരിചയപ്പെടുന്നത്. ബസുകളിൽ ടിക്കറ്റ് ചെക്കറായി സ്ത്രീകളെ നിയമിക്കുന്നുവെന്ന് അറിഞ്ഞതിനെ തുടർന്ന് അപേക്ഷ നൽകി. ടിക്കറ്റ് ചെക്കറായി ജോലി ചെയ്യുമ്പോഴാണ് രാജ്യത്ത് കൊവിഡ് പിടിമുറുക്കിയത്. അതോടെ ആ ജോലി ഇല്ലാതായി. പിന്നീടാണ് ബസിൽ കണ്ടക്ടറായി ജോലി ചെയ്യാൻ തുടങ്ങിയത്. തുടക്കത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും കട്ട സപ്പോർട്ടുമായി തനിക്കൊപ്പം നിൽക്കുന്നുണ്ടെന്ന് രേവതി പറഞ്ഞു.