44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് സമാപനം; എം.എസ്.ധോണി വിശിഷ്ടാതിഥി
തമിഴ്നാട് : തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ 11-ാം റൗണ്ടിൽ ഒന്നാം സീഡായ അമേരിക്കയെ നേരിടും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമ്മനിയെയും സി ടീം കസാക്കിസ്ഥാനെയും നേരിടും.
വനിതാ വിഭാഗത്തിൽ ബി ടീം സ്ലോവാക്യയെയും സി ടീം കസാഖിസ്ഥാനെയും നേരിടും. പതിനൊന്നാം റൗണ്ട് മത്സരങ്ങൾ ഇന്ന് രാവിലെ 10 മണിക്കാണ് ആരംഭിക്കുക. വൈകിട്ട് നാലിന് ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എന്നിവർ പങ്കെടുക്കും.കഴിഞ്ഞ മാസം
ജൂലൈ 28 ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നടൻ രജനീകാന്ത്, എ ആർ റഹ്മാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.