Friday, January 10, 2025
GULFLATEST NEWS

സൗദിയിലെ വ്യവസായരംഗത്തെ പ്രധാന ജോലികളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം

ജിദ്ദ: പ്രാദേശിക വ്യവസായത്തിലെ ചില പ്രധാന ജോലികളിൽ സ്വദേശിവൽക്കരണം പൂർത്തിയായതായി സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽജസർ പറഞ്ഞു. റിയാദിൽ നടന്ന ഇൻഡസ്ട്രിയൽ ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ ജോലികളെല്ലാം സ്ത്രീകൾക്കും ലഭ്യമാണ്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ വികസിച്ചിട്ടുണ്ട്. ഈയിടെയായി ധാരാളം ജോലികളിൽ അവരെ കണ്ടിട്ടുണ്ട്. എല്ലാ മേഖലയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ, പരിശീലനം ലഭിച്ചവരും വിദഗ്ദ്ധരുമായ തദ്ദേശീയരായ സ്ത്രീകൾ അൽഹറമൈൻ ട്രെയിനുകൾ ഓടിക്കുന്നത് കാണാം. അടുത്ത വർഷം 18 തൊഴിലവസരങ്ങൾ പൂർണമായും സ്വദേശിവത്കരിക്കും. തൊഴിൽ മേഖലകളിൽ സ്വദേശികളുടെ അനുപാതം വർദ്ധിപ്പിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ ഉൾപ്പെടെ ചില ജോലികൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കപ്പെട്ടു. കോ-പൈലറ്റ് ജോലികളിലെ സ്വദേശിവൽക്കരണം 100 ശതമാനത്തിലെത്തി. പൈലറ്റ് ജോലികളും മിക്കവാറും സ്വദേശിവൽക്കരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ചെങ്കടലിലെയും അറബിക്കടലിലെയും തുറമുഖങ്ങളെ റെയിൽ മാർഗം ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സമീപഭാവിയിൽ തന്നെ നടപ്പാക്കും. ആഗോള ലോജിസ്റ്റിക്സ് ഹബ്ബ് എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ലാൻഡ് ബ്രിഡ്ജ് പദ്ധതി പോലുള്ള 30 പ്രധാന സംരംഭങ്ങൾ ഉൾപ്പെടെ 1,000 സംരംഭങ്ങൾ ദേശീയ ഗതാഗത തന്ത്രപരമായ ചട്ടക്കൂടിനുള്ളിലാണെന്നും മന്ത്രി പറഞ്ഞു.