കോമൺവെൽത്ത് ടീമിൽ തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഹൈക്കോടതി
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിലേക്ക് ഹൈജമ്പിൽ ദേശീയ റെക്കോർഡ് ജേതാവ് തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തേജസ്വിൻ ശങ്കറിനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മെഡൽ പ്രതീക്ഷയുള്ള കളിക്കാരനാണെന്നും ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു. നിലവിൽ അമേരിക്കയിൽ പരിശീലനം നടത്തുന്ന തേജസ്വിൻ കോമൺവെൽത്ത് ഗെയിംസിൽ യോഗ്യത നേടിയിരുന്നു. എന്നാൽ ഈ മാസം ആദ്യം ചെന്നൈയിൽ നടന്ന ദേശീയ സീനിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാത്തതിനാൽ കോമൺവെൽത്ത് ഗെയിംസ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. തേജസ്വിൻ നൽകിയ ഹർജിയിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ), ഫെഡറേഷൻ്റെ സെലക്ഷൻ കമ്മിറ്റി, കേന്ദ്ര കായിക മന്ത്രാലയം എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.