Friday, January 17, 2025
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ്‌; പോയിന്റ് പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത്

ബർമിംഗ്ഹാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ മെഡൽ വേട്ടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്. 3 സ്വർണ്ണവും 3 വെള്ളിയും 3 വെങ്കല മെഡലും നേടിയാണ് ഇന്ത്യ പട്ടികയിൽ മുന്നേറിയത്. ഭാരോദ്വഹനത്തിൽ മാത്രമാണ് ഇന്ത്യക്ക് സ്വർണമെഡൽ നേടാൻ കഴിഞ്ഞത്.

ജൂഡോയിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടി. വനിതാ വിഭാഗത്തിൽ സുശീല ദേവി വെള്ളിയും പുരുഷ വിഭാഗത്തിൽ വിജയ് കുമാര്യാദവ് വെങ്കലവും നേടി. ജൂഡോയുടെ 48 കിലോഗ്രാം വിഭാഗത്തിൽ സുശീല ദേവി ലിക്മാബം വെള്ളിയും പുരുഷൻമാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ വിജയ് കുമാർ യാദവ് സൈപ്രസിന്‍റെ പെട്രോസ് ക്രിസ്റ്റോഡിലോഡസിനെ തോൽപ്പിച്ച് വെങ്കലവും നേടി. കോമൺവെൽത്ത് ഗെയിംസിൽ സുശീല ദേവിയുടെ രണ്ടാമത്തെ വെള്ളി മെഡലാണിത്.

അതേസമയം, ഭാരോദ്വഹനത്തിൽ മെഡൽ വേട്ട തുടരുകയാണ് ഇന്ത്യ. വനിതകളുടെ ഭാരോദ്വഹനത്തിൽ ഹർജിന്ദർ കോർ ഇന്ത്യക്കായി വെങ്കല മെഡൽ നേടി. ഇന്നലെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മൂന്നാം സ്വർണം അച്ചിന്ത ഷിയോലി നേടിയിരുന്നു.

നേരത്തെ പുരുഷൻമാരുടെ 67 കിലോഗ്രാം വിഭാഗത്തിൽ ജെറമി ലാൽറിംഗ സ്വർണം നേടിയിരുന്നു. മീരാബായ് ചാനു ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ നേടി. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ജേതാവായത്. ചാനു ഒരു ഗെയിംസ് റെക്കോർഡും സ്ഥാപിച്ചു.