Friday, January 17, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളികൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടി മലയാളി അത്ലറ്റുകൾ. എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ 17.03 മീറ്റർ താണ്ടി സ്വർണവും കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ വെള്ളിയും നേടി.

വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗൻഗാസ് സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ തോൽപ്പിച്ച് സ്വർണം നേടിയ നിതു ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ മേരി കോമിന് പകരക്കാരിയായാണ് എത്തിയത്. ഇതോടെ ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ മെഡൽ നേട്ടം 15 ആയി.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. മൂന്നാം സ്ഥാനക്കാരായ ന്യൂസിലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. 16 വർഷത്തിന് ശേഷമാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്.