Sunday, December 22, 2024
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ് ;10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്കയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി നേടി. വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മൂന്നാമത്തെ അത്ലറ്റിക് മെഡലാണിത്.

43 മിനിറ്റും 38 സെക്കൻഡും കൊണ്ടാണ് പ്രിയങ്ക 10 കിലോമീറ്റർ പൂർത്തിയാക്കിയത്. പ്രിയങ്കയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസ്ട്രേലിയയുടെ ജെമീമ മൊണ്ടാങ്ങാണ് സ്വർണം നേടിയത്. 42 മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് താരം മത്സരം പൂർത്തിയാക്കിയത്. കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും ജെമീമയുടെ പേരിലാണ്. കെനിയയുടെ എമിലി വാമുസി എൻഗി വെങ്കലം നേടി.

ഇന്ത്യയുടെ സ്വന്തം ഭാവന ജാട്ടും മത്സരരംഗത്തുണ്ടായിരുന്നു. താരം 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ നാല് കിലോമീറ്റർ പിന്നിട്ടപ്പോൾ പ്രിയങ്ക എതിരാളികളെക്കാൾ മുന്നിലായിരുന്നു. താരം സ്വർണ്ണ മെഡൽ നേടുമെന്നാണ് കരുതിയത്. എന്നാൽ മത്സരത്തിന്‍റെ അവസാനം ഓസ്ട്രേലിയൻ താരം ലീഡ് നേടി. പ്രിയങ്കയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്.