Friday, January 17, 2025
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ സംഘത്തിലെ മറ്റൊരു താരം കൂടി ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടു. വനിതകളുടെ 4×100 മീറ്റർ റിലേ ടീമിലെ അംഗമാണ് പിടിയിലായത്.

ഒരാഴ്ചയ്ക്കുള്ളിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണിത്. 4×100 മീറ്റർ റിലേ ടീമിലെ അംഗമായ ധനലക്ഷ്മിയും ട്രിപ്പിൾ ജമ്പിൽ ദേശീയ റെക്കോർഡ് ഉടമ ഐശ്വര്യ ബാബുവും നേരത്തെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.

വനിതാ റിലേ ടീമിലെ ആറ് അംഗങ്ങളിൽ രണ്ട് പേർ പുറത്തായതോടെ കോമണ്‍വെല്‍ത്ത് സംഘത്തില്‍ ഉള്‍പ്പെട്ട 100 മീറ്റര്‍ ഹര്‍ഡില്‍സ് താരം ജ്യോതി യര്‍രാജി, മലയാളി ലോങ് ജമ്പ് താരം ആന്‍സി സോജന്‍ എന്നിവര്‍ ബാക്കപ്പ് റണ്ണര്‍മാരായി ഇംടപിടിക്കാന്‍ സാധ്യതയുണ്ട്.