Wednesday, November 6, 2024
LATEST NEWS

ഡല്‍ഹിയില്‍ സിഎന്‍ജിയുടെ വില കുത്തനെ ഉയർന്നു

ന്യൂഡല്‍ഹി: പ്രകൃതി വാതകങ്ങളുടെ വില വർദ്ധിച്ചതിന് പിന്നാലെ ഡൽഹിയിൽ സിഎൻജി, പിഎൻജി എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിച്ചു. രണ്ട് വാതകങ്ങളുടെയും വില 3 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സിഎൻജിയുടെ വില കിലോഗ്രാമിന് 75.61 രൂപയിൽ നിന്ന് 78.61 രൂപയായി ഉയർന്നതായി പ്രകൃതി വാതക വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ക്യുബിക് മീറ്ററിന് 50.59 രൂപയായിരുന്ന പിഎൻജിയുടെ വില 53.59 രൂപയായി ഉയർന്നു.

കഴിഞ്ഞ വർഷം മെയ് 21ന് സിഎൻജിയുടെ വില രണ്ട് രൂപ വർദ്ധിപ്പിച്ചിരുന്നു. 2021 ഏപ്രിൽ മുതൽ സിഎൻജി വിലയിൽ 80 ശതമാനം വർദ്ധനവുണ്ടായി. ഇത് 14-ാമത്തെ വില വർദ്ധനവാണ്. പിഎൻജി നിരക്കിൽ 91 ശതമാനം വർദ്ധനവുണ്ടായി. 2021 ഓഗസ്റ്റിന് ശേഷം 10 തവണയാണ് പിഎൻജി നിരക്ക് വർദ്ധിപ്പിച്ചത്.

പ്രകൃതി വാതകങ്ങളുടെ വില 40 ശതമാനം വരെ സർക്കാർ വർദ്ധിപ്പിച്ചതാണ് സിഎൻജി, പിഎൻജി എന്നിവയുടെ വില വർദ്ധനവിന് കാരണമായത്. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, കാൺപൂർ, അജ്മീർ തുടങ്ങിയ നഗരങ്ങളിലും വില വർദ്ധിപ്പിച്ചിട്ടുണ്ട്. മുംബൈയിൽ സിഎൻജിയുടെ വില കിലോയ്ക്ക് 6 രൂപ വർദ്ധിച്ച് 86 രൂപയായി. 52.50 രൂപയാണ് പിഎൻജിയുടെ വില. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സിഎൻജിക്ക് കിലോയ്ക്ക് 8-12 രൂപയും പിഎൻജിക്ക് കിലോഗ്രാമിന് 6 രൂപയും വർദ്ധിച്ചേക്കാം.