മഞ്ഞക്കടലില്‍ നിന്ന് വിജയകരമായി ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് ചൈന
ബെയ്ജിങ്: ചൈന രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. മഞ്ഞക്കടലിലെ വിക്ഷേപണത്തറയിൽ നിന്ന് താഴ്ന്ന ഭ്രമണപഥത്തിലേക്കാണ് ചൈന ഉപഗ്രഹങ്ങൾ അയച്ചത്. ലോംഗ് മാർച്ച് 11 റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്.
കടൽത്തീരത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് വിക്ഷേപണത്തറ ഒരുക്കിയിരുന്നത്. ഇതാദ്യമായാണ് ലോംഗ് മാർച്ച് 11 പേടകം കടലിൽ നിന്ന് വിക്ഷേപിക്കുന്നതിനായി പരിഷ്കരിക്കുന്നത്. വിക്ഷേപണ വാഹനം 500 കിലോഗ്രാം വരെ പേലോഡ് വഹിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോംഗ് മാർച്ച് 11ന് കടലിലും കരയിലും നിന്ന് വിക്ഷേപണം നടത്താൻ കഴിയും.
വ്യാഴാഴ്ചയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമാണെന്ന് ചൈനയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) അറിയിച്ചു. സെന്‍റിസ്പേസ്-1 എസ് 5, എസ് 6 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 2019 ന് ശേഷം ഇത് നാലാം തവണയാണ് ചൈന കടലിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കുന്നത്.