Friday, January 17, 2025
LATEST NEWSTECHNOLOGY

ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂകൾ നിയന്ത്രിക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സൈറ്റുകളിലും വ്യാജ റിവ്യുകൾക്കെതിരെ പരാതികൾ ഉയരുന്നതിനിടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രം. ജൂലൈ 31നകം ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പക്ഷപാതപരവും വ്യാജവുമായ അവലോകനങ്ങൾ തടയുന്നതിലൂടെ ഇ-കൊമേഴ്സ് വിപണിയിൽ സുതാര്യത കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഉൽപ്പന്നത്തെക്കുറിച്ചുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ റിവ്യൂകൾ ഉപഭോക്താക്കളെ സ്വാധീനിക്കുന്നു. എന്നാൽ ഉപഭോക്താക്കളെ വ്യാജ റിവ്യൂകൾ തെറ്റിദ്ധരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണത്തിലേക്ക് നീങ്ങുന്നത്.

വ്യാജ റിവ്യൂകൾ നിയന്ത്രിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് രൂപീകരിച്ച സമിതി ജൂലൈ 26ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.