Saturday, January 18, 2025
LATEST NEWSTECHNOLOGY

മൊബൈൽ ആപ്പുകൾക്ക് വീണ്ടും പൂട്ടിട്ട് കേന്ദ്രം

348 മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നുവെന്ന് കരുതുന്ന ആപ്ലിക്കേഷനുകൾ അടച്ചുപൂട്ടി. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഈ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് നിരോധിച്ചതെന്ന് വ്യക്തമല്ല.

ബാറ്റിൽ റോയൽ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ മെയ് 3ന് കേന്ദ്രം നിരോധിച്ചിരുന്നു. ഗെയിം കളിക്കാൻ അനുവദിക്കാത്തതിന് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അല്ലെങ്കിൽ ബിജിഎംഐക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. ഇതേതുടർന്ന് പ്രഹാർ എന്ന എൻജിഒ ഗെയിമിനെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി നൽകി. നേരത്തെ രാജ്യം നിരോധിച്ച അതേ പബ്ജിയാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയെന്നും ഹർജിയിൽ പറയുന്നു. ഇതേ തുടർന്നാണ് കളി ഒഴിവാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള പബ്ജിയുടെ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനായി കഴിഞ്ഞ വർഷം ജൂണിൽ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇത് ഇന്ത്യൻ വിപണിക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. കഥാപാത്രങ്ങൾ, സ്ഥലം, വസ്ത്രം, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലും ഒരു ‘ഇന്ത്യൻ ടച്ച്’ ഉള്ള ഒരു ഗെയിമാണിത്.