Tuesday, January 21, 2025
LATEST NEWSTECHNOLOGY

വാഹനങ്ങളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാനുള്ള സമയം നീട്ടി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നിരത്തിലിറക്കുന്ന എട്ട് സീറ്റ് വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. 2023 ഒക്ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കാൻ സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നു.

2022 ജനുവരി 14 ന്, എട്ട് യാത്രക്കാരെ വരെ വഹിക്കാൻ കഴിയുന്ന എം-1 വിഭാഗത്തിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള കരട് നിർദ്ദേശം കേന്ദ്രം പുറത്തിറക്കിയിരുന്നു. ആക്സസറികൾ ലഭിക്കുന്നതിനുള്ള ആഗോള വിതരണ ശൃംഖലയിലെ പരിമിതികൾ കണക്കിലെടുത്താണ് നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടിയതെന്ന് കേന്ദ്ര ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. “വിലയോ വേരിയന്‍റോ പരിഗണിക്കാതെ മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്.” ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.

2022 ഒക്ടോബർ 1 ന് ശേഷം ലോഞ്ച് ചെയ്യുന്ന എം-1 കാറ്റഗറി വാഹനങ്ങളിൽ മുൻ നിര ഔട്ട്ബോർഡ് സീറ്റിംഗ് പൊസിഷനിൽ ഇരിക്കുന്നവർക്ക് ടു സൈഡ്/സൈഡ് ടോർസോ എയർബാഗുകൾ ഓരോന്നും ഔട്ട്ബോർഡ് സീറ്റിംഗ് പൊസിഷനിൽ ഇരിക്കുന്നവർക്ക് ടു സൈഡ് കർട്ടൻ/ട്യൂബ് എയർബാഗുകളും ഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ച് അന്ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.